കോട്ടയം: നാട്ടകത്ത് സീരിയൽ താരം സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഡിസംബർ 24ന് രാത്രി എംസി റോഡിൽ നാട്ടകത്ത് ആയിരുന്നു അപകടം നടന്നത്.
അപകടത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തങ്കരാജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ തങ്കരാജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മദ്യപിച്ച് അമിതവേഗത്തിലെത്തിയ സിദ്ധാർഥ് പ്രഭു തങ്കരാജിനെ ഇടിച്ചിടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വാഹനം തടഞ്ഞുനിർത്തിയ നാട്ടുകാരുമായി സിദ്ധാർഥ് വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ കൈയാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസുമായും സീരിയൽ താരം തർക്കത്തിലേർപ്പെട്ടിരുന്നു.
ചിങ്ങവനം പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഇയാൾ മദ്യപിച്ചിരുന്നതായാണ് വൈദ്യപരിശോധന ഫലം. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും.